2012, ഏപ്രിൽ 24, ചൊവ്വാഴ്ച

ഫസ്റ്റ് ഡേ. ഫസ്റ്റ് ക്ലാസ്സ്.


                          അപ്പോള്‍ നമ്മള്‍ പറഞ്ഞോണ്ടിരുന്നത് ഞങ്ങളുടെ ഫസ്റ്റ് ക്ലാസ്സിന്റെ കാര്യം. അങ്ങിനെ ഫസ്റ്റ് ക്ലാസും ഫസ്റ്റ് സാറിനേം കണ്ടു ഞങ്ങള്‍ ഇങ്ങിനെ ഞെട്ടി തകര്ന്നു ആകെ കൂടി ഹാപ്പി ആയിട്ടിരിക്കുവാണ്. പണിക്കിറങ്ങണ്ടായിരുന്നു എന്ന് പലരുടെയും മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു. ഒള്ളത്‌ പറഞ്ഞാല്‍ സിലബസ്‌ കൂടി കണ്ടേ പിന്നെ എന്റെ ധൈര്യം വര്‍ദ്ധിച്ചു. ഒന്നുമില്ലേലും അത് "അയ്യോ functions" അല്ല "IO functions " ആണെന്ന് എങ്കിലും എനിക്കറിയാമല്ലോ എന്ന ധൈര്യം. ബി.സി. പോകാന്‍ തോന്നിയ ബുദ്ധി ഓര്ത്തു ഞാന്‍ തെല്ലു അഭിമാനം പൂണ്ടു. ഒന്നുമില്ലേലും സിലബസ്‌ എങ്കിലും പഠിച്ചല്ലോ. ഒള്ളതാട്ടെ. പക്ഷെ വരാനൊള്ളത് വഴിയില്‍ തങ്ങാതിരിക്കാന്‍ എന്‍. എച്ചിലൂടെ വരുന്നതേ ഉണ്ടായിരുന്നുള്ളൂ. ഈ അറിവിലൊന്നും വലിയ കാര്യമില്ല എന്ന് പിന്നീട് മനസിലായി.
   
ഇനി പതുക്കെ ഓരോരോ കഥാപാത്രങ്ങളിലേക്ക് കടക്കാം. പക്ഷെ ഓരോരുത്തരേം പ്രത്യേകം പ്രത്യേകം പരിചയപെടുതണമെങ്കില് കുറെ സമയം എടുക്കും. അത് പുറകെ ആകാം. എന്നെ ആദ്യം ചിരിച്ചു കാണിക്കുന്നതും പരിചയപെടുന്നതും മറ്റാരുമല്ല . ഒരു കൊല്ലം മുഴുവന്‍ ഹോസ്റ്റലില്‍ എന്റെ റൂം മേറ്റ്‌ ആയിരുന്നയാളും എന്റെ നാട്ടുകാരനുമായ ഷെറി എന്ന കോട്ടയം അച്ചായനാണ്‌ . സ്വതവേ ഇച്ചിരി പിശുക്കുന്ടെന്കിലും വളരെ നല്ലവനും എന്നോട് വളരെ സ്നേഹമുള്ളവനുമായിരുന്ന ഷെറി ആണെന്ന് തോന്നുന്നു എല്ലാവരോടും ആദ്യം പരിചയപെടുന്നത്.
അന്നേ ദിവസം തന്നെ യൂണിവേഴ്സിറ്റിയില്‍ പോകണ്ട ആവശ്യം ഉണ്ടായിരുന്നത് കൊണ്ടു എല്ലാരേം പരിചയപെടാന്‍ സാധിച്ചില്ല. പക്ഷെ നേരത്തെ പറഞ്ഞതു പോലെ തന്നെ വരാനൊള്ളത് വഴിയിലെങ്ങും തങ്ങാതെ എന്റെ മുന്‍പില്‍ കൃത്യമായി വന്നു നിന്നു ; മുടി ഒക്കെ മാടി ഒതുക്കി അത് എന്നെ നോക്കി ചിരിച്ചു - അതെ. മറ്റാരുമല്ല . വണ്‍ മിസ്റ്റര്‍ ബിനോയ്‌!!!!(ഠിം!!!!ഠിം!!!!ഠിം!!!!... തൊട്ടടുത്തുള്ള സെന്റ്‌ പീറ്റേഴ്സ് പള്ളിയിലും മണി മൂന്നടിച്ചു.. അങ്ങിനെ മൂന്നും മൂന്നും ടോട്ടല്‍ ആറ് അടിച്ചു!!! )

മൊതലിനെ വിവരിക്കാന്‍ ഇപ്പോള്‍ ടൈം തീരെ ഇല്ല. അതിന് വേണ്ടി വേണേല്‍ ഒരു 'എപിഡോസ്'  പിന്നെയിടാം. കാത്തിരിക്കുക.

അപ്പോള്‍ ഒരു അപകടം സംഭവിച്ചു കഴിഞ്ഞു. ഇനി മറ്റെന്തൊക്കെയാണ് വരാന്‍ പോകുന്നതെന്ന് നോക്കി കളയാം.

പിന്നെയും കുറെ പേരെ പരിചയപെട്ടു. കൂട്ടത്തില്‍ ഗുപ്ത സാമ്രാജ്യത്തിലെ തലമുറയിലെ ഇളമുറതമ്പുരാന് പോയിന്റെര്‍ ബാബു മഹാരാജാവും പെടും.

നല്ലവനായ ബിനോയ്‌ എന്റെ പെട്ടിയും ബാഗും ഒക്കെ എടുക്കാന്‍ സഹായിച്ചു എന്നെയും കൊണ്ടു ഹോസ്റെറലിലേക്ക് പോയി. ഹോസ്റ്റല്‍ കൂടി കണ്ടപ്പോള്‍ എന്നിക്കങ്ങു സന്തോഷം സഹിക്കാന്‍ മേലാതായി.... 

പെയിന്റ് എന്ന സാധനം നേരില്‍ കാണാന്‍ നേര്ച്ച നേര്‍ന്നിരിക്കുന്ന ഭിത്തികള്‍... ഒരിറ്റു ദാഹജലത്തിന് കൊതിക്കുന്ന പൊട്ടിയ കക്കൂസുകള്‍... തോഴുത്താണോ അതോ അറവു പുരയാണോ എന്ന് നമ്മളെ സംശയിപ്പിക്കുന്ന ഒരു ചെറിയ കെട്ടിടം.. കാന്റീന്‍!! ....എല്ലാം കൊണ്ട് നയനമനോഹരമായ കാഴ്ചകള്‍ എങ്ങും!!! ആവൂ!!! Wonderful!!!


ഡിഗ്രിക്കാരായ മറ്റു കുറെ കുട്ടികള്‍ അവിടെയും ഇവിടെയും... അവര്‍ എന്നെ കണ്ടപ്പോള്‍ നേരെ നോക്കി ഒന്ന് ചിരിച്ചു.. ആത്മഗഗഗതം :"ദേണ്ടെ വേറൊരു പൊട്ടന്‍"


അങ്ങിനെ ഞങ്ങള്‍ ബിനോയിയുടെ ഒന്‍പതാം നമ്പര്‍ മുറിയില്‍ പോകുന്നു... പെട്ടി വെക്കുന്നു.. പോരുന്നു...  ഇതിനിടയില്‍ ഒന്ന് ചുറ്റും നോക്കി .. ഫാന്‍ ഇല്ലെങ്കിലെന്ത്‌ ഇടാന്‍ നല്ല ബലമുള്ള ഹുക്ക് ഒണ്ടല്ലോ... ഇരുമ്പിന്റെ കതക്, ഇരുമ്പിന്റെ ജനല്‍, ഇരുമ്പിന്റെ കട്ടില്‍ (രണ്ടു നില) , ഇരുമ്പിന്റെ മേശ.. ആകെ കൂടി ഒരു ഇരുമ്പിന്റെ പരസ്യം പോലെ. അയണിന്റെ കുറവുള്ള കുട്ടികളുണ്ടെങ്കില്‍ വേറെ മരുന്ന് കഴിക്കേണ്ടതില്ല. 

പുറത്തു പോയി താമസിക്കാന്‍ തല്‍ക്കാലം ആരെയും പരിചയം ഇല്ലാത്തത് കൊണ്ട് ഏതായാലും തല്ക്കാലം ഇവിടെ കൂടാം.. പിന്നെ മാറാമല്ലോ.. ഈ ബുദ്ധി ഞങ്ങളുടെ പൂര്‍വിക്കരൊക്കെ പരീക്ഷിച്ചതാവണം, വാര്‍ഡന്‍ എന്ന് വേണെമെങ്കില്‍ പറയാവുന്ന ഒരു സാധനം ഒരു കൊല്ലത്തേക്കുള്ള പൈസ ഒരുമിച്ചു വാങ്ങി.(ഇതിനാണ് ആദ്യത്തെ ബാച്ചില്‍ പഠിക്കണം എന്ന് പറയുന്നത്). ആ.. എന്തേലുമായി പോട്ട്.. എത്രയും പെട്ടനു പുറത്തു നോക്കണം. അങ്ങിനെ തീരുമാനിച്ചു ബിനോയിയോട് വീണ്ടും കാണാമെന്നും പറഞ്ഞുഅവിടെ നിന്നും പോന്നു.

നേരെ ഭാരതിയാര്‍ യൂണിവേഴ്സിറ്റി... എന്തോ സര്‍ട്ടിഫിക്കറ്റ് ആവശ്യം ഉണ്ടായിരുന്നു... കുറ്റം പറയരുതല്ലോ.. അടിപൊളി ക്യാമ്പസ്‌. നടന്നു കാണാന്‍ ഉള്ളതുണ്ട്.... ആട്ടെ, പിന്നെ വരാം.... ചിലപ്പോ ഇതിന്റെ മുറ്റത്തു തന്നാരിക്കും ജീവിതം. (എം.ജി യൂണിവേഴ്സിറ്റിയില്‍ പഠിച്ച പലര്‍ക്കും അതാരുന്നല്ലോ ഗതി) .പക്ഷെ അതിനെന്തോ അങ്ങിനെ ഇട വന്നില്ല.. എങ്കിലും തൊട്ടടുത്തുള്ള മരുതമലയില്‍ വന്നിട്ടുണ്ട് പിന്നീട്.

 വൈകുന്നേരം കോളേജ്, തിരിച്ചു വീണ്ടും അന്ന് കോയമ്പത്തൂരില്‍ പി.എഫ് ഓഫീസറായിരുന്ന ഒരടുത്ത അമ്മാവന്റെ ക്വാട്ടേഴ്സിലേക്ക്‌... കുറെ അവധിയൊക്കെ ഉണ്ടായിരുന്നു എന്ന് തോന്നുന്നു, പിറ്റേന്ന് തിരിച്ചു വീട്ടിലേക്കു പോയി ... വീണ്ടും മടങ്ങി വരാന്‍... ഈ രണഭൂമിയിലേക്ക്‌... വലിയ പെട്ടിയുമായി വീണ്ടും!!!!

(തുടരും)                                             

2009, ഓഗസ്റ്റ് 19, ബുധനാഴ്‌ച

കഥ തുടങ്ങുന്നു...

കൃത്യം ഒന്‍പത്‌ വര്ഷം മുന്പുള്ള ഒരു ഓഗസ്റ്റ്‌ മാസം ....

എന്നെക്കാള്‍ വലിയ ഒരു പെട്ടിയും കൂടെ മൂന്നു നാല് കുട്ടി പെട്ടികളുമായി ഞാന്‍ കോയമ്പത്തൂരില്‍ ബസ്സ് ഇറങ്ങുന്നു... മനസ്സ്‌ നിറയെ പുതിയ ക്യാമ്പസിന്റെ നിറമാര്‍ന്ന സ്വപ്നങ്ങളുമായി ....

കൂടെ അപ്പനും അപ്പാപ്പനും ഉണ്ട് .... മകന്‍ ആദ്യമായി വീട്ടില്‍ നിന്നു മാറി നിന്നു പഠിക്കാന്‍ പോകുവല്ലേ... കൊണ്ടു പോയി വിട്ടേക്കാം എന്ന് ചിന്തിച്ചായിരിക്കണം... അല്ലെങ്കില്‍ എന്തേലും കോളൊക്കെ ഒണ്ടാക്കി വീട്ടീന്ന് വിളിപ്പിക്കുമ്പം വഴി തപ്പി ബുദ്ധിമുട്ടണ്ട എന്ന് കരുതിയാവാം ....

111A എന്ന ബസില്‍ കോളേജില്‍ ഞങ്ങളെത്തി ... സ്ഥലപേരൊക്കെ തീരുന്നത് പട്ടിയിലും പൂച്ചയിലും ഒക്കെയാണ് ... കോളേജ്പടിവാതില്ക്കല് എത്തി ... സെക്യൂരിറ്റി പോലുമില്ല ... ദൈവമ്മേ ... മുകേഷ് "മഴ പെയുന്നു മദ്ധളം കൊട്ടുന്നു " സിനിമയില്‍ മണിയന്‍ പിള്ള രാജുവിനെ കാണാന്‍ പപ്പുന്റെ ബാഗ്ലാവില്‍ വരുമ്പം പറയുന്ന പോലെ "സെറ്റ് അപ്പ് ഒക്കെ കൊള്ളാം ... എന്നാലും ഒരു വശപിശകില്ലേ ...." ഞാന്‍ മനസിലോര്‍ത്തു. ഒള്ളത്‌ പറഞ്ഞാല്‍ അന്ന് ഞങ്ങളുടെ കോളേജ് ഇന്നുള്ളതിന്റെ അത്ര സ്റ്റൈല്‍ ഒന്നുമില്ല... ഇന്നു വലിയ ഹൈ -ഫൈ ഒക്കെ ആയി ... അന്ന് ഇച്ചിരി ലോ -ഫൈ ആയിരുന്നു എന്ന് പറയാം... "എന്തേലും ആയിപോട്ട്‌ ... അമ്പലതിലല്ലല്ലോ കാര്യം.. പ്രതിഷ്ഠയിലല്ലേ" ഞാന്‍ ക്ലാസ്സില്‍ ഉണ്ടാകാന്‍ പോകുന്ന സുന്ദരികളായ തരുണി മണികളെ കുറിചോര്തോണ്ട് വേഗം നടന്നു .. ഇനിയിപ്പം താമസിച്ചു ചെന്നാല്‍ തീര്ന്നു പോയെങ്കിലോ .... റിസ്ക്‌ എടുക്കണ്ട ...

യൂണിവേഴ്സിറ്റിയില്‍ പോയി എന്തോ വൃത്തികെട്ട സര്‍ട്ടിഫിക്കറ്റ് കൂടി മേടിക്കണ്ട ആവശ്യം ഉണ്ടായിരുന്നതിനാല്‍ എന്നെ ക്ലാസ്സില്‍ വിട്ടിട്ടു അപ്പനും അപ്പാപ്പനും കാത്തു നിന്നു. സത്യത്തില്‍ കോളേജ് കാണാതെ ആണ് അഡ്മിഷന്‍ എടുത്തത്‌ . ഞാന്‍ ആണെങ്കില്‍ വലിയ കൊട്ടാരം പോലുള്ള കോളേജില്‍ ഒക്കെ പഠിച്ച മഹാനും . ഇതും അത്ര മോശമൊന്നുമല്ലെന്കിലും പോരാ ... പക്ഷെ എന്റെ മനസ്സില്‍ അപ്പോഴും ക്ലാസ്സിലെ സ്ത്രീ പുരുഷ അനുപാതത്തെ കുറിച്ചു മാത്രമായിരുന്നു ചിന്ത.

ഞാന്‍ വലിയ സ്റ്റൈലില്‍ അന്ന് പറന്ന് നിന്നിരുന്നതും ഇന്നു പറക്കാതെ നില്‍ക്കാത്തതുമായ എന്റെ മുടി ചീകി ഒതുക്കി ക്ലാസ്സ് തപ്പി നടന്നു ... "ഫസ്റ്റ് ഇമ്പ്രഷന്‍ ഈസ്‌ ദി ബെസ്റ്റ് കംപ്രഷന്‍ " എന്നാണല്ലോ ... ഒടുവില്‍ ക്ലാസ്സ് കണ്ടു പിടിച്ചു.. വധു നവ ഗ്രഹത്തിലേക്ക്‌ വലതു കാല്‍ വെച്ചു കയറുന്ന പോലെ ഞാന്‍ വലതു കാല്‍ തപ്പി കണ്ടു പിടിച്ചു എടുത്തങ്ങു വെച്ചു .... !!!!!!!??????!!!!!!...... ഒന്നേ നോക്കിയൊളളൂ.തകര്‍ന്നു പോയി !!!!!!!!!!
തൊണ്ട വരണ്ടുണങ്ങുന്നത് പോലെ ഒരു തോന്നല്‍ .. തല കറങ്ങുന്നു .... ഭൂമി ഉരുണ്ടു വരുന്നു... കണ്ണില്‍ വെള്ളം നിറഞ്ഞു വരുന്നു ....

ഒരു ക്ലാസ്സ് മുഴുവന്‍ ആണുങ്ങളും പിന്നെ അങ്ങ് മൂലയ്ക്ക് പെണ്ണ് എന്ന് വേണമെങ്കില്‍ വിളിക്കാവുന്ന ഒരു നാല്‌ പേരും . ഇറങ്ങി ഓടിയാലോന്നാണ് ആദ്യം തോന്നിയത്‌ .... എങ്ങോട്ട് ഒടാന്നാണ്? വീട്ടിലോട്ടു ചെന്നാ അവരോടിക്കും . അതിലും വിഷമമാണ് നാട്ടുകാര്‍ക്ക് . രണ്ടു ദിവസമെങ്കിലും നാട്ടില്‍ നിന്നു മാറി നിന്നിട്ട് ചെന്നാല്‍ തന്നെ ആദ്യത്തെ ചോദ്യം "എന്നാണ് തിരിച്ചു പോകുന്നത് " എന്നാണല്ലോ . ചോദ്യം കേട്ടാല്‍ തോന്നും അവന്റെ ഒക്കെ വീട്ടീന്നാ ഞാന്‍ കഞ്ഞി കുടിക്കുന്നതെന്നാ .... ദരിദ്ര വാസീസ്‌ ...

അല്ല ഈ ഫിനോമെന അഥവാ പ്രതിഭാസം ഇപ്പഴെങ്ങും തുടങ്ങിയതല്ല .... ആദിമ കാലം മുതല്‍ക്കേ ഒള്ളതാ .... പഠിച്ചോണ്ടിരിക്കുമ്പം ചോദിക്കും 'പഠിത്തം എങ്ങിനെ ഒണ്ടെന്നു' ... പരീക്ഷ കഴിയുമ്പോഴേ തുടങ്ങും 'ജയിക്കുമോ'ന്നു ... പഠിത്തം കഴിയുന്നത് നോക്കി ഇരിക്കുക ആയിരിക്കും '' പണി ഒന്നും ആയില്ലെന്ന്' ചോദിക്കാന്‍ ... ഹൊ .. അതും ഒരു പണിയുമില്ലാതെ കലുന്കെ ഇരിക്കുന്നവന്‍ വരെ ചോദ്യമാ ... എങ്ങാനും ജോലി കിട്ടിപോയാല്‍ പിന്നെ പിറ്റേന്ന് തൊട്ടു അടുത്തതായി ... ''കല്യാണം ഒന്നുമായില്ലല്ലേ'... ആഹാ ... അവരുടെ വിഷമം കണ്ടാല്‍ തോന്നും ഞാന്‍ അവരുടെ ഒക്കെ മോള്‍ടെ പുറകെ നടക്കുവാന്നു ... എന്നാ പിന്നെ കെട്ടി പണ്ടാരം അടങ്ങിയേക്കാം എന്ന് വെച്ചാലോ കെട്ടിന്റെ പിറ്റേന്ന് തുടങ്ങും "വിശേഷം വെല്ലോമോണ്ടോ" ന്നു ... ദൈവമേ എന്തൊരു കഷ്ടമാണ് .... ഇതെല്ലാം കേള്‍ക്കാന്‍ ചന്തുന്റെ ജന്മം പിനെയും ബാക്കി....

അപ്പോള്‍ പറഞ്ഞു വന്നത്.... ക്ലാസ്സിന്റെ ഏതാണ്ടൊരു അനാട്ടമി മനസിലായ ഞാന്‍ ഇനി എന്ത് ചെയ്യണം എന്ന ഒരു കണ്ഫൂസഷനില്‍ നില്ക്കുവാന് ... പിള്ളേരെല്ലാം എന്റെ മുഖത്തോട്ടു നോക്കുന്നു... അവരുടെ മുഖത്തെ ഭാവം ആര്ക്കും വായിക്കാം .." ഒരു മണ്ടന്‍ കൂടി". ഞാനും അവരെ ദയനീയമായി നോക്കി . എന്നാ പിന്നെ നമ്മുക്കെല്ലാവര്‍ക്കും കൂടി ഒരുമിച്ചു അനുഭവിക്കാം എന്ന് വിചാരിച്ചു ഞാന്‍ സര്‍വ ധൈര്യവും എടുത്തു ഒടുവില്‍ അതങ്ങ് ചോദിച്ചു .... " മേ ഐ ഗെറ്റ് ഇന്‍ ? "
ക്ലാസ്സ് എടുത്തു കൊണ്ടിരുന്ന ആ ഞാവണാന്‍ സോഡാ ചില്ല് കണ്ണാടിക്കിടയിലൂടെ എന്നെ നോക്കി . " യെസ്‌. കം ഇന്‍ " . (പിന്നെ താന്‍ പറഞ്ഞിട്ട് വേണം !!!) .

പക്ഷെ അതിലും വലുത്‌ വരാനിരിക്കുന്നെ ഉണ്ടായിരോന്നോള്... ഞാന്‍ ബുക്കും പേനയും എടുത്തു വെച്ചു... സാര്‍ സിലബസ്‌ പറഞ്ഞു തരുകയാണ്‌ ... ഞാന്‍ ശ്രദ്ധിച്ചു ... ഞാന്‍ ബി .സി .എ ഒക്കെ കഴിഞ്ഞു വന്ന ആളാണ് . ഈ കമ്പ്യൂട്ടര്‍ എന്ന് പറയുന്ന സാധനം നേരില്‍ ഒക്കെ കണ്ടിട്ടുള്ള ആളാണ് ... പക്ഷെ ഒരു മിനിട്ട് തികച്ചു വേണ്ടി വന്നില്ല ... എന്റെ അഹങ്കാരം പതുക്കെ വിറയലായി രൂപാന്തരം പ്രാപിച്ചു... ആ ഞാവണാന്‍ പറയുന്ന ഒരു വക എന്നിക്ക് തിരിയുന്നില്ല .... ദൈവമേ കേറി ഇരുന്നും പോയി .. ഇനി എന്തോ ചെയ്യും ?... ഇതു ഞാന്‍ പഠിച്ച ഇംഗ്ലീഷ് ഒന്നുമല്ല ... ഞാന്‍ ഇരുന്ന ഇരുപ്പില്‍ എന്നെ ഇംഗ്ലീഷ് പഠിപ്പിച്ച സാറിനെ മുതല്‍ സ്കൂളില്‍ സിലബസ്‌ തയാറാക്കിയവനെ വരെ പ്രാകി ... ചിലപ്പം കേരള സിലബസ്‌ വേരെയാരിക്കും ... എന്ത് പണ്ടാരമാനെന്കിലും അനുഭവിക്കുന്നത് ഞാനാണല്ലോ ....

ഞാന്‍ ചുറ്റും നോക്കി ... നോക്കെണ്ടിയിരുന്നില്ലാന്നു അപ്പോഴേ മനസിലായി ... എല്ലാ കാലമാടന്മാരും കണ്ണുമടച്ചിരുന്നു എഴുതുവാണ് .... എന്റെ ബി. പി പിന്നേം കൂടി ... ദൈവമേ അപ്പം കേരള സിലബസിന്റെ കുഴപ്പവുമല്ല .... ഇനിയിപ്പം എന്തോ ചെയ്യും ? ... ചുമന്നോണ്ട് വന്ന പെട്ടി തിരിച്ചു ചുമക്കുന്ന കാര്യം ഒര്തപോഴേ തലക്കകത്ത് ചൂടു കേറി ...
എന്താണേലും മലയാളികളെ പോലിരിക്കുന്നു ... ചോദിച്ചു കളയാം . "ശൂ ... ശൂ ..." അടുത്തിരുന്ന ആള്‍ പതുക്കെ മുഖമോന്നുയര്‍ത്തി എന്നെ നോക്കി ... ആള്‍ ഗൌരവം ഒട്ടും വിടാതെ തന്നെ ചോദിച്ചു "യെസ്‌ ?" ... "ആ ബുക്ക്‌ ഒന്നു തരാമോ ? ഞാന്‍ ശരിക്ക് കേട്ടില്ല . സിലബസ്‌ എഴുതിയെടുതിട്ടു തരാം ..." "ഓ .. അതിന്നെന്താ ... ഇന്നാ ..." അയാള്‍ ബുക്ക്‌ എന്റെ നേര്‍ക്ക്‌ സന്തോഷത്തോടെ നീട്ടി ... ഞാന്‍ ആര്‍ത്തിയോടെ ആ ബുക്ക്‌ ചാടി മേടിച്ചു തുറന്നു നോക്കി ...
"???!!!!!!!!!!"
ഇപ്പം ഞാന്‍ എങ്ങിനാ ഈ സീന്‍ ഒക്കെ വിവരിക്കുക. എന്നാലും അവിടെ കണ്ടത്‌ ഏതാണ്ട് ഇതു പോലിരിക്കും :-
C
Unit 1
Fundmetals of see.....
...................
................
Unit 2
Operations...........functions...... operation on loading...
........
Unit 3
Pointers......arrays..... ayyo functions......
.................
Unit 4
....................
...........

ഹോ .... എനിക്ക് അപ്പോള്‍ തോന്നിയ ആശ്വാസം ഏതാണ്ട് മൂന്ന് നാല് ദിവസം കൂടി കക്കൂസില്‍ പോയിട്ട് വന്ന ഒരാളെ പോലെ ആയിരുന്നു .... ആ ബുക്കിന്റെ ഉടമയെ പിടിച്ചു ഒരുമ്മ കൊടുക്കാനാണ് ആദ്യം തോന്നിയത്‌. പിന്നെ ഞാന്‍ ഒരുവിധത്തില്‍ അങ്ങ് കണ്ട്രോള്‍ ചെയ്തു.

സംഭവം എന്താന്ന് വെച്ചാ ആ സഹോദരനും ഒരു വക തിരിഞ്ഞിട്ടില്ലാ .... പിന്നെ ആരും അറിയാതിരിക്കാന്‍ വേണ്ടി ഇടം വലം നോക്കാതെ നോണ്‍ സ്റ്റോപ്പ്‌ എഴുത്ത് എഴുതിയതാണ് .
അന്ന് ഈ ടെക്നിക്ക്‌ അഥവാ ഞങ്ങളുടെ ഭാഷയില്‍ "തള്ളല്‍" എനിക്ക് ഒരു പുതിയ ഒരനുഭവമായിരുന്നു. പക്ഷെ പിന്നീടൊരിക്കലും എനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടുമില്ല . ഞാനും ഈ തള്ളല്‍ വിഷയത്തില്‍ ഉന്നത ബിരുദം കരസ്ഥമാക്കി .
ഈ തള്ളല്‍ എന്ന് പറയുന്ന കല ഇതു പോലെ സിമ്പിള്‍ മാത്രമല്ല. അതിന് പല ലെവല്‍ ഉണ്ട് . പല തലങ്ങള്‍ ഉണ്ട് . പല വെറെയ്ററി ഉണ്ട് . പല നിലവാരത്തില്‍ ഒണ്ടു.
"വീട്ടില്‍ കഞ്ഞിയും പയറും .... പക്ഷെ പുറത്തിറങ്ങിയാല്‍ പിന്നെ പിസയും ബര്‍ഗറും" എന്നൊക്കെ പറയില്ലേ.
അത് തന്നെ സംഭവം. ഇതു ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി എങ്ങിനെ വിജയിക്കാം എന്ന് നമ്മുക്ക് വരുന്ന എപിഡോസുകളില്‍ പഠിക്കാം ... പലരില്‍ നിന്നും ....

തള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ രാജു മോനില്‍ തുടങ്ങി തള്ളേതാ നേരേതാ എന്ന് ഒടേതമ്പുരാനു പോലും പറയാന്‍ പറ്റാത്ത മാധവന്‍ വരെ. പിന്നെ ഒട്ടും മടികാതെ എന്റെ നേര്‍ക്ക്‌ നോട്ടുബുക്ക് നീട്ടിയ (പ്ര)ശാന്തന്‍ . നിര നീളുന്നു ....

കഥ തുടങ്ങി വരുന്നതേ ഉള്ളു ... കഥാപാത്രങ്ങളും ...
ശൂ ശൂ ഗോപി പറയുന്നത് പോലെ ....
"JUST WAIT AND SEEEE!!!!!"

മറക്കണ്ടാ ... പിടിച്ചതിലും വലുതാ പൊത്തിലിരിക്കുന്നത് !!!

2009, ഓഗസ്റ്റ് 18, ചൊവ്വാഴ്ച

ഒരു വാക്ക്‌

ഇതു ഞങ്ങള്‍ കോയമ്പത്തൂര്‍ ശങ്കര കോളേജിലെ എം.സി.എ 00-03 ബാച്ചിലെ വിദ്യാര്ത്ഥികളുടെ സംഭവ ബഹുലമായ കുറെയേറെ നര്‍മ്മാനുഭവങ്ങളുടെ സമാഹാരമാണ്. ഇന്നു പലരും ലോകത്തിന്റെ പല ഭാഗങ്ങളില്‍ പല വേഷങ്ങളില്‍ പല ജോലികള്‍ ചെയ്തു ജീവിക്കുകയാണ് . മിക്കവരും വിവാഹിതരും കുടുംബസ്ഥരുമാണ്.

പക്ഷെ ഞങ്ങള്‍ക്കാര്‍ക്കും തന്നെ ആ മൂന്നു വര്‍ഷങ്ങള്‍ മറക്കാന്‍ കഴിയില്ല ...
കാരണം ... അത്ര മാത്രം ഞങ്ങള്‍ അടിച്ചുപോളിച്ചു... ഒരു ജന്മം മുഴുവന്‍ ഓര്‍ക്കാനുള്ളത് !!!
ഈ കഥകളൊക്കെ ഒരുപക്ഷെ ഞങ്ങള്‍ക്കല്ലാതെ വേറെയാര്‍ക്കും ആസ്വദിക്കാന്‍ പറ്റിയെന്നു വരില്ല. ക്ഷമിക്കുക.
കാരണം ഈ സംഭവങ്ങള്‍ നടക്കുമ്പോള്‍ അവിടെ ഉണ്ടായിരുന്നവര്‍ക്കും അത് മനസ്സില്‍ കാണാന്‍ പറ്റുന്നവര്‍ക്കുമേ ഇതു വായിച്ചാല്‍ തന്നെ മനസിലാകു ... ആസ്വദിക്കാന്‍ പറ്റുകയുള്ളൂ ...

ഈ കഥകള്‍ കൃത്യമായ ഒരു ഓര്ഡെറില്‍ പറയുക ഒരിക്കലും എളുപ്പമല്ല.... ഓര്‍ക്കുന്നത് പറയുക.... അത്രതന്നെ...
മാത്രമല്ല ഇതു ഞങ്ങളുടെ കഥകളുടെ സമാഹാരമാണല്ലോ. അത് സത്യത്തില്‍ കോളേജില്‍ ഒരു തുടക്കം മാത്രമാണ്. പിന്നെ അത് എറണാകുളം ,ചെന്നൈ, തിരുവനന്തപുരം, ബാംഗ്ലൂര്‍, ഗള്ഫ് തുടങ്ങി അമേരിക്ക വരെ നീളുന്ന ഒരു വലിയ നീണ്ട കഥയാണ് ...
അത് ഇപ്പോഴും തുടരുന്നു...

അപ്പോള്‍ കൂട്ടുകാരെ ... നമ്മള്‍ തുടങ്ങുകയല്ലേ?

2009, ഓഗസ്റ്റ് 17, തിങ്കളാഴ്‌ച

സ്വാഗതം !!!

ശങ്കരന്മാരെ ശങ്കരികളേ...
നമ്മുടെ ശങ്കര ഓര്‍മകളിലേക്ക് ഒരു മടക്കയാത്ര...
അടികളുടെയും തമാശകളുടെയും തള്ളുകളുടെയും ലോകത്തേക്ക് ഇതാ വീണ്ടും ....

ഒരിക്കല്‍ കൂടി നിങ്ങളോടൊപ്പം...
അല്ലെങ്കില്‍ തന്നെ "നിങ്ങളില്ലാതെ എനിക്കെന്താഘോഷം !!!"